Monday, June 4, 2012



മധുരമുള്ള വേദന
  
 മഴയുടെ ആരവമില്ലാതെ ഒരു അദ്ധ്യയന വര്‍ഷം കൂടി തുടങ്ങുന്നു . ഇതുപോലെ ഒരു ദിവസമായിരുന്നു ഞാനും ആദ്യമായി സ്കൂളില്‍ പോയത് . ചന്നം - പിന്നം  പെയ്യുന്ന മഴയുടെ അകമ്പടിയോടെ പുത്തനുടുപ്പുകള്‍ അണിഞ്ഞുള്ള  യാത്ര . ഉമ്മയുടെ കൈവിരല്‍ത്തുമ്പില്‍ തൂങ്ങി മഴവെള്ളവും തോടുകളും നീന്തിക്കടന്നു ആദ്യമായി സ്കൂളില്‍ എത്തുമ്പോള്‍ അവിടം ആകെ ഒരു ഉത്സവ പ്രതീതി ആയിരുന്നു . എന്‍റെ ക്ലാസ്സില്‍ എത്തിയതും ഉമ്മയുടെ കയ്യില്‍ പിടിച്ചിരുന്ന അലുമിനിയം പെട്ടി എനിക്ക് കൈമാറി . ആകെ അതില്‍ ഉണ്ടായിരുന്നത് മരത്തിന്റെ ഫ്രെയിമില്‍  ഒതുക്കിയ , താഴെ വീണാല്‍ പൊട്ടുന്ന  ഒരു സ്ലേറ്റും  ഒരറ്റത്ത് മുനപ്പിച്ചതും  മറ്റേ അറ്റത്ത് ചെറിയ ഒരു ചുവന്ന പ്രസന്റേഷന്‍ പേപ്പര്‍ ചുറ്റിയതുമായ പുത്തന്‍ പെന്‍സിലും . ചെല്ലുന്ന ദിവസം തന്നെ കൈ നിറയെ പുസ്തകം എന്നത് ഇപ്പോഴത്തെ കുട്ടികള്‍ ഒരു ശാപം ആയിട്ടാണ് കാണുന്നതെങ്കില്‍ ഞങ്ങള്‍ക്ക് എന്നും അത് ഒരു സ്വപ്നം മാത്രമായിരുന്നു.
                     
                                                 ക്ലാസ്സ്‌ ആകെ ബഹളമയം. അമ്മയുടെ കൈവിരല്‍ത്തുമ്പില്‍ നിന്ന് വിടുവിക്കാന്‍ ശ്രമിക്കുമ്പോള്‍ അലറിക്കരയുന്ന കുട്ടികള്‍ , അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന ടീച്ചര്‍, പുതിയ കുടയും ബാഗും വീടിനടുത്തുള്ള കുട്ടികളെ കാണിച്ചു മേനി പറയുന്ന കൊച്ചു പോങ്ങച്ചക്കാര്‍ . ചീരിക്കരുന്ന കുട്ടികളെ നോക്കി അയ്യേ! ചീള് കുട്ടികള്‍  എന്ന മനോഭാവത്തോടെ നോക്കിക്കൊണ്ട് ടീച്ചര്‍ ചൂണ്ടി കാണിച്ചു തന്ന രണ്ടാമത്തെ ബഞ്ചില്‍ ഒരറ്റത്ത് ഞാന്‍ സീറ്റുറപ്പിച്ചു.

                                                   എന്ത് വന്നാലും ഞാന്‍ കരയില്ല  എന്ന് മനസ്സില്‍ ഉറപ്പിച്ചു ഇരിക്കുമ്പോള്‍ ചുമലിനു  താഴെ ഒരു ഉറുമ്പ്‌ കടിക്കുന്ന വേദന.ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ എന്‍റെ പിന്നില്‍ നിന്ന് പല്ലിറുമ്മികൊണ്ട്  എന്നോട് എന്തോ മുജ്ജന്മ വൈരാഗ്യം ഉള്ളപോലെ സര്‍വ്വ ശക്തിയും ഉപയോഗിച്ച് നുള്ളുകയാണ് ഒരു പെണ്‍കുട്ടി . മറ്റൊരു കുട്ടിയെ ആശ്വസിപ്പിക്കുന്ന തിരക്കിലായിരുന്ന ടീച്ചറിനെ വിളിക്കാന്‍ തുനിഞ്ഞതും മിണ്ടിപ്പോകരുത്  എന്ന അവളുടെ ആന്ഗ്യത്തിനു മുന്‍പില്‍ എന്‍റെ സ്വരം ഉയര്‍ന്നില്ല. "എന്റെ അപ്പച്ചന്‍ പോലീസാണ്  ടീച്ചറോട് പറഞ്ഞാല്‍ അപ്പച്ചനെക്കൊന്ദ് പിടിപ്പിക്കും " എന്ന ഭീഷണിയും . ആരോ പിറകില്‍ നിന്ന് ജെയ്സീ എന്ന് വിളിച്ചതും അവള്‍ ഒന്നും മിണ്ടാതെ പിന്നിലേക്ക് ഓടിപ്പോയി . പിന്നീട് ആ  വര്‍ഷം മുഴുവന്‍ ഈ "പിച്ച് ". ഒരു തുടര്‍ക്കഥ ആയിരുന്നു . അപ്പന്‍ പോലീസാനല്ലോ എന്നോര്‍ത്ത് ആ വേദന ഞാന്‍ ഉള്ളിലൊതുക്കി . വളരെ വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ അപ്പന്‍ ഒരു ചൂണ്ടക്കാരന്‍ ആയിരുന്നു എന്നറിഞ്ഞപ്പോഴേക്കും പ്രായവും പക്വതയും ആയിരുന്നു.

                             
            ജെയ്സിയുടെ നുള്ള് ഒരു തുടക്കം മാത്രം ആയിരുന്നു . പിന്നീട് അനുഭവിച്ച വേദനകളെ അപേക്ഷിച്ച് വളരെ നിസ്സാരം. വളരെ കാലങ്ങള്‍ക്ക് ശേഷം പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഇന്ന് ആ നുള്ളിനു  ഒരു മധുരം തോന്നുന്നു . നഷ്ടപ്പെട്ട ആ കാലത്തെക്കുറിച്ച്  ഓര്‍ത്താണ് ഇന്ന് ഞാന്‍ വേദനിക്കുന്നത് "

Friday, February 3, 2012

ആ സ്വപ്നം പൂവണിയുന്നു




ജനലക്ഷങ്ങളുടെ ദുരിതത്തിന് ഇനി അറുതി. ദശാബ്ദങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം കിലോമീറ്ററുകള്‍ നീണ്ട ഗതാഗത കുരുക്കിന്  ശാപമോക്ഷം ഏകിക്കൊണ്ട്  ഇടപ്പള്ളി മേല്‍പ്പാലം ഇന്ന് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നു . 1995 ല്‍ ഭരണാനുമതി ലഭിച്ച മേല്‍പ്പാലത്തിന്റെ നിര്‍മാണം സാങ്കേതികമായ കാരണങ്ങളാല്‍ പലപ്പോഴായി നിലച്ചു പോകുകയായിരുന്നു .രണ്ടാഴ്ച മുന്പ് ഒരു രാത്രിയില്‍ റെയിവേ ഗേറ്റില്‍ കുടുങ്ങിയ ആംബുലന്‍സില്‍ നിന്നും ഉയര്‍ന്ന ഒംമയുടെ ദീനരോദനം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു. ആ അമ്മയുടെ മകനോ , ഭര്‍ത്താവോ, ആരോ ഒരാള്‍ ആ വാഹനത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ ബോധമറ്റു കിടക്കുന്നുണ്ടായിരുന്നു. 20 മിനിട്ട് കഴിഞ്ഞു ഗേറ്റ്‌ തുറന്നപ്പോള്‍ നിലവിളി ശബ്ദത്തോടെ പാഞ്ഞു പോയ ആ വാഹനം ഗേറ്റിനു അപ്പുറത്തെ നീണ്ട ഗതാഗത കുരുക്കും പിന്നിട്ട ആ ജീവന്‍ രക്ഷിച്ചിട്ടുണ്ടാകും എന്ന് എന്ന് കരുതി സമാധാനിക്കാം. എന്നെപ്പോലുള്ള യാത്രക്കാര്‍ക്ക് നിസ്സഹായനായി മാത്രം നോക്കി നില്‍ക്കാന്‍ മാത്ര സാധിക്കുന്ന അവസ്ഥ. 
                               ഇതുപോലുള്ള എത്ര അമ്മമാരുടെ കണ്ണീരിന്‍റെ , ശാപവാക്കുകളുടെ  പരിണിത ഫലമായിരിക്കാം ജനലക്ഷങ്ങളുടെ സ്വപ്ന സാക്ഷാത്കാരം എന്ന പേരില്‍ നാം കൊണ്ടാടുന്നത് . 

മേല്‍പ്പാലം സഫലമാകുംപോള്‍ നഷ്ടമാകുന്നത് തദ്ദേശ വാസികളുടെ ഗൃഹാതുരത കൂടിയാണ് എന്ന കാര്യം മറന്നു കൂടാ.ആദ്യമായി വാഹനമോടിച്ച് ഇടപ്പള്ളി ഗേറ്റിനു മുന്‍പിലെ വാഹന പെരുമഴയ്ക്ക് മുന്‍പില്‍ പകച്ചു നിന്ന ഒരുപാട് പേരുടെ ഓര്‍മ്മകള്‍. ആ ചക്രവ്യുഹത്തില്‍ നിന്ന് ആദ്യമായി രക്ഷപ്പെട്ടു മറുകരയില്‍ എതിയപ്പോഴുണ്ടായ ദീര്‍ഘനിശ്വാസം . ഗേറ്റ് തുറന്നാല്‍ ആദ്യം ഇടപ്പള്ളി  കവലയില്‍ ചെന്നെതാനുള്ള നിശബ്ദമായ മത്സരങ്ങള്‍ . എല്ലാത്തിനും ഇനി വിട!!!!

ഏറ്റവും ഒടുവില്‍ പാലം നിര്‍മാണം ഇച്ച്ചാശക്തിയോടെ ഏറ്റെടുത് സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനിക്കും , കക്ഷി-രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിച്ച എല്ലാ നേതാക്കള്‍ക്കും , ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച എല്ലാ തൊഴിലാളികള്‍ക്കും എന്റെയും എന്റെ നാടിന്റെയും അഭിവാദ്യങ്ങള്‍ .