Monday, June 4, 2012



മധുരമുള്ള വേദന
  
 മഴയുടെ ആരവമില്ലാതെ ഒരു അദ്ധ്യയന വര്‍ഷം കൂടി തുടങ്ങുന്നു . ഇതുപോലെ ഒരു ദിവസമായിരുന്നു ഞാനും ആദ്യമായി സ്കൂളില്‍ പോയത് . ചന്നം - പിന്നം  പെയ്യുന്ന മഴയുടെ അകമ്പടിയോടെ പുത്തനുടുപ്പുകള്‍ അണിഞ്ഞുള്ള  യാത്ര . ഉമ്മയുടെ കൈവിരല്‍ത്തുമ്പില്‍ തൂങ്ങി മഴവെള്ളവും തോടുകളും നീന്തിക്കടന്നു ആദ്യമായി സ്കൂളില്‍ എത്തുമ്പോള്‍ അവിടം ആകെ ഒരു ഉത്സവ പ്രതീതി ആയിരുന്നു . എന്‍റെ ക്ലാസ്സില്‍ എത്തിയതും ഉമ്മയുടെ കയ്യില്‍ പിടിച്ചിരുന്ന അലുമിനിയം പെട്ടി എനിക്ക് കൈമാറി . ആകെ അതില്‍ ഉണ്ടായിരുന്നത് മരത്തിന്റെ ഫ്രെയിമില്‍  ഒതുക്കിയ , താഴെ വീണാല്‍ പൊട്ടുന്ന  ഒരു സ്ലേറ്റും  ഒരറ്റത്ത് മുനപ്പിച്ചതും  മറ്റേ അറ്റത്ത് ചെറിയ ഒരു ചുവന്ന പ്രസന്റേഷന്‍ പേപ്പര്‍ ചുറ്റിയതുമായ പുത്തന്‍ പെന്‍സിലും . ചെല്ലുന്ന ദിവസം തന്നെ കൈ നിറയെ പുസ്തകം എന്നത് ഇപ്പോഴത്തെ കുട്ടികള്‍ ഒരു ശാപം ആയിട്ടാണ് കാണുന്നതെങ്കില്‍ ഞങ്ങള്‍ക്ക് എന്നും അത് ഒരു സ്വപ്നം മാത്രമായിരുന്നു.
                     
                                                 ക്ലാസ്സ്‌ ആകെ ബഹളമയം. അമ്മയുടെ കൈവിരല്‍ത്തുമ്പില്‍ നിന്ന് വിടുവിക്കാന്‍ ശ്രമിക്കുമ്പോള്‍ അലറിക്കരയുന്ന കുട്ടികള്‍ , അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന ടീച്ചര്‍, പുതിയ കുടയും ബാഗും വീടിനടുത്തുള്ള കുട്ടികളെ കാണിച്ചു മേനി പറയുന്ന കൊച്ചു പോങ്ങച്ചക്കാര്‍ . ചീരിക്കരുന്ന കുട്ടികളെ നോക്കി അയ്യേ! ചീള് കുട്ടികള്‍  എന്ന മനോഭാവത്തോടെ നോക്കിക്കൊണ്ട് ടീച്ചര്‍ ചൂണ്ടി കാണിച്ചു തന്ന രണ്ടാമത്തെ ബഞ്ചില്‍ ഒരറ്റത്ത് ഞാന്‍ സീറ്റുറപ്പിച്ചു.

                                                   എന്ത് വന്നാലും ഞാന്‍ കരയില്ല  എന്ന് മനസ്സില്‍ ഉറപ്പിച്ചു ഇരിക്കുമ്പോള്‍ ചുമലിനു  താഴെ ഒരു ഉറുമ്പ്‌ കടിക്കുന്ന വേദന.ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ എന്‍റെ പിന്നില്‍ നിന്ന് പല്ലിറുമ്മികൊണ്ട്  എന്നോട് എന്തോ മുജ്ജന്മ വൈരാഗ്യം ഉള്ളപോലെ സര്‍വ്വ ശക്തിയും ഉപയോഗിച്ച് നുള്ളുകയാണ് ഒരു പെണ്‍കുട്ടി . മറ്റൊരു കുട്ടിയെ ആശ്വസിപ്പിക്കുന്ന തിരക്കിലായിരുന്ന ടീച്ചറിനെ വിളിക്കാന്‍ തുനിഞ്ഞതും മിണ്ടിപ്പോകരുത്  എന്ന അവളുടെ ആന്ഗ്യത്തിനു മുന്‍പില്‍ എന്‍റെ സ്വരം ഉയര്‍ന്നില്ല. "എന്റെ അപ്പച്ചന്‍ പോലീസാണ്  ടീച്ചറോട് പറഞ്ഞാല്‍ അപ്പച്ചനെക്കൊന്ദ് പിടിപ്പിക്കും " എന്ന ഭീഷണിയും . ആരോ പിറകില്‍ നിന്ന് ജെയ്സീ എന്ന് വിളിച്ചതും അവള്‍ ഒന്നും മിണ്ടാതെ പിന്നിലേക്ക് ഓടിപ്പോയി . പിന്നീട് ആ  വര്‍ഷം മുഴുവന്‍ ഈ "പിച്ച് ". ഒരു തുടര്‍ക്കഥ ആയിരുന്നു . അപ്പന്‍ പോലീസാനല്ലോ എന്നോര്‍ത്ത് ആ വേദന ഞാന്‍ ഉള്ളിലൊതുക്കി . വളരെ വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ അപ്പന്‍ ഒരു ചൂണ്ടക്കാരന്‍ ആയിരുന്നു എന്നറിഞ്ഞപ്പോഴേക്കും പ്രായവും പക്വതയും ആയിരുന്നു.

                             
            ജെയ്സിയുടെ നുള്ള് ഒരു തുടക്കം മാത്രം ആയിരുന്നു . പിന്നീട് അനുഭവിച്ച വേദനകളെ അപേക്ഷിച്ച് വളരെ നിസ്സാരം. വളരെ കാലങ്ങള്‍ക്ക് ശേഷം പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഇന്ന് ആ നുള്ളിനു  ഒരു മധുരം തോന്നുന്നു . നഷ്ടപ്പെട്ട ആ കാലത്തെക്കുറിച്ച്  ഓര്‍ത്താണ് ഇന്ന് ഞാന്‍ വേദനിക്കുന്നത് "

Friday, February 3, 2012

ആ സ്വപ്നം പൂവണിയുന്നു




ജനലക്ഷങ്ങളുടെ ദുരിതത്തിന് ഇനി അറുതി. ദശാബ്ദങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം കിലോമീറ്ററുകള്‍ നീണ്ട ഗതാഗത കുരുക്കിന്  ശാപമോക്ഷം ഏകിക്കൊണ്ട്  ഇടപ്പള്ളി മേല്‍പ്പാലം ഇന്ന് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നു . 1995 ല്‍ ഭരണാനുമതി ലഭിച്ച മേല്‍പ്പാലത്തിന്റെ നിര്‍മാണം സാങ്കേതികമായ കാരണങ്ങളാല്‍ പലപ്പോഴായി നിലച്ചു പോകുകയായിരുന്നു .രണ്ടാഴ്ച മുന്പ് ഒരു രാത്രിയില്‍ റെയിവേ ഗേറ്റില്‍ കുടുങ്ങിയ ആംബുലന്‍സില്‍ നിന്നും ഉയര്‍ന്ന ഒംമയുടെ ദീനരോദനം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു. ആ അമ്മയുടെ മകനോ , ഭര്‍ത്താവോ, ആരോ ഒരാള്‍ ആ വാഹനത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ ബോധമറ്റു കിടക്കുന്നുണ്ടായിരുന്നു. 20 മിനിട്ട് കഴിഞ്ഞു ഗേറ്റ്‌ തുറന്നപ്പോള്‍ നിലവിളി ശബ്ദത്തോടെ പാഞ്ഞു പോയ ആ വാഹനം ഗേറ്റിനു അപ്പുറത്തെ നീണ്ട ഗതാഗത കുരുക്കും പിന്നിട്ട ആ ജീവന്‍ രക്ഷിച്ചിട്ടുണ്ടാകും എന്ന് എന്ന് കരുതി സമാധാനിക്കാം. എന്നെപ്പോലുള്ള യാത്രക്കാര്‍ക്ക് നിസ്സഹായനായി മാത്രം നോക്കി നില്‍ക്കാന്‍ മാത്ര സാധിക്കുന്ന അവസ്ഥ. 
                               ഇതുപോലുള്ള എത്ര അമ്മമാരുടെ കണ്ണീരിന്‍റെ , ശാപവാക്കുകളുടെ  പരിണിത ഫലമായിരിക്കാം ജനലക്ഷങ്ങളുടെ സ്വപ്ന സാക്ഷാത്കാരം എന്ന പേരില്‍ നാം കൊണ്ടാടുന്നത് . 

മേല്‍പ്പാലം സഫലമാകുംപോള്‍ നഷ്ടമാകുന്നത് തദ്ദേശ വാസികളുടെ ഗൃഹാതുരത കൂടിയാണ് എന്ന കാര്യം മറന്നു കൂടാ.ആദ്യമായി വാഹനമോടിച്ച് ഇടപ്പള്ളി ഗേറ്റിനു മുന്‍പിലെ വാഹന പെരുമഴയ്ക്ക് മുന്‍പില്‍ പകച്ചു നിന്ന ഒരുപാട് പേരുടെ ഓര്‍മ്മകള്‍. ആ ചക്രവ്യുഹത്തില്‍ നിന്ന് ആദ്യമായി രക്ഷപ്പെട്ടു മറുകരയില്‍ എതിയപ്പോഴുണ്ടായ ദീര്‍ഘനിശ്വാസം . ഗേറ്റ് തുറന്നാല്‍ ആദ്യം ഇടപ്പള്ളി  കവലയില്‍ ചെന്നെതാനുള്ള നിശബ്ദമായ മത്സരങ്ങള്‍ . എല്ലാത്തിനും ഇനി വിട!!!!

ഏറ്റവും ഒടുവില്‍ പാലം നിര്‍മാണം ഇച്ച്ചാശക്തിയോടെ ഏറ്റെടുത് സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനിക്കും , കക്ഷി-രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിച്ച എല്ലാ നേതാക്കള്‍ക്കും , ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച എല്ലാ തൊഴിലാളികള്‍ക്കും എന്റെയും എന്റെ നാടിന്റെയും അഭിവാദ്യങ്ങള്‍ . 

Sunday, August 28, 2011

മൃഗാധിപത്യം...........


   മനുഷ്യന്മാര്‍ക്ക് ഒന്നിനും രണ്ടിനും മറ്റെതിനും വരെ  മുട്ടിനു മുട്ടിനു സൗകര്യം ഏര്‍പ്പെടുത്താന്‍ വ്യഗ്രത കാണിക്കുന്ന വിവിധ  സര്‍ക്കാരുകള്‍  തങ്ങളെ അവഗണിക്കുകയാണെന്ന് ആരോപിച്ചു  "അഖില ഭാരത നായ്ക്കൂട്ടത്തിന്റെ "  നേതൃത്വത്തില്‍   രാജ്യ  വ്യാപകമായി  നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൊച്ചി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപമായി. കൊച്ചി നഗരത്തില്‍  പൊതു ടോയിലെറ്റ് കുറവാണെന്ന് ആരോപിച്ചു നഗര സഭയ്ക്ക് നേരെ വാളോങ്ങിയ  സാമൂഹിക പ്രവര്‍ത്തകരും മാധ്യമങ്ങളും എന്ത് കൊണ്ടാണ് തങ്ങളെ അവഗണിക്കുന്നത് എന്ന്  വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  "പാണ്ടിക്കുടി ജാക്കി "യുടെ നേതൃത്വത്തില്‍  ഉള്ള  മൌന ജാഥ  സെപ്ടംപര്‍  മാസം ഒന്നാം തീയതി നടക്കും. മറൈന്‍ ഡ്രൈവില്‍ നട്ട് പിടിപ്പിച്ചിരിക്കുന്ന മരങ്ങള്‍ക്ക് പോലും മനുഷ്യന്മാരുടെ സ്വാര്തതയ്ക്ക്  വിധേയമായി തറ കെട്ടി അവര്‍ക്ക് മാത്രം കയറി ഇരിക്കാനും കിടക്കാനും പാകത്തില്‍ പരിപാലിക്കുന്നതിന് എതിരെ വായ മൂടി കെട്ടി പ്രകടനം നടത്താനും എന്നിട്ടും അധികൃതരുടെ കണ്ണ് തുറന്നില്ലെങ്കില്‍ ശബ്ദ മയമായ പ്രകടനങ്ങളിലേക്ക് നീങ്ങാനും ആണ് തീരുമാനം.

               മറൈന്‍ ഡ്രൈവ് , രാജേന്ദ്ര മൈതാനി , ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ട് , എന്നീ പൊതു സ്ഥലങ്ങളില്‍  നായകള്‍ക്കും പ്രവേശനം അനുവദിക്കുക ,  
               "മരം ഒരു വരം " എന്ന പേരില്‍ വനം വകുപ്പ് പാതയോരങ്ങളില്‍ നട്ട് പിടിപ്പിക്കുന്ന മരങ്ങള്‍ക്ക് ഇരുമ്പു ചട്ടക്കൂട് പിടിപ്പിക്കുന്ന പരിപാടി നിര്‍ത്തലാക്കുക
                നായ്ക്കള്‍ക്ക് മണ്ണ് മാന്തി പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ തടസ്സമാകുന്ന രീതിയില്‍ തറയില്‍ ടൈല്‍ വിരിച്ചുള്ള നഗര സൌന്ദര്യവത്കരണം ഉപേക്ഷിക്കുക
               വനം വകുപ്പില്‍ നിന്നും നായ്ക്കളുടെ ക്ഷേമത്തിന് വേണ്ടി അനുവദിക്കുന്ന പണം തുറസ്സായ സ്ഥലങ്ങളില്‍ മരങ്ങള്‍ നട്ട് പിടിപ്പിച്ചു ജൈവപരമായ ആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍                    ഉപകാരപ്പെടുത്തുക
               "പല്ലും നഖവും കൊഴിഞ്ഞ നായ്ക്കള്‍ക്ക് കുഴി മാന്താന്‍ സൌകര്യത്തിനായി ഷവല്‍ അനുവദിക്കുക"!!!!!
              എന്നീ ആവശ്യങ്ങള്‍ ആയിരിക്കും പ്രധാനമായും കൊച്ചിയിലെ "നായ്ക്കൂട്ടം" ഉന്നയിക്കുക എന്ന് മേഖലാ പ്രസിഡണ്ട്‌ "പുല്ലേപ്പടി ടിപ്പു" അറിയിച്ചു

Friday, January 28, 2011

കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പ് ശമിപ്പതുണ്ടോ??????

അവന്‍ : പ്രിയേ.........   എനിക്ക് പുതിയ ജോലി കിട്ടി !!!!!!!    നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി........   പറയൂ പ്രിയേ....   ആദ്യ ശമ്പളം കിട്ടുമ്പോള്‍ നിനക്കെന്താണ് വേണ്ടത്?
അവള്‍ : ഓഫീസിന്റെ  ഡയറക്ടര്‍ സര്‍ ആണോ മാഡം ആണോ?
അവന്‍ : അതെന്താ അങ്ങനെ ചോദിച്ചത്?
അവള്‍ : സര്‍ ആണെങ്കില്‍ ജോയിന്‍ ചെയ്‌താല്‍ മതി...
അവന്‍ : അതെന്താ? നിനക്ക് എന്നെ വിശ്വാസമില്ലാത്തത്‌ പോലെ......?
അവള്‍ : എന്‍റെ കുട്ടനെ എനിക്ക് വിശ്വാസം ഇല്ലെന്നോ? ഞാന്‍ അങ്ങനെ പറയുമോ ......   പെണ്ണുങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നത്  അന്തസ്സ് കുറവായിട്ടു മറ്റുള്ളവര്‍ക്ക് തോന്നിയാലോ എന്ന് വിചാരിച്ചു പറഞ്ഞതാ.......
അവന്‍ : അങ്ങനെയൊക്കെ നോക്കിയാല്‍ ഏതെങ്കിലും മള്‍ടി നാഷണല്‍  കമ്പനി യില്‍ വര്‍ക്ക്‌ ചെയ്യാന്‍ പറ്റുമോ?
അവള്‍ : എങ്കില്‍ ശരി...   പക്ഷെ വലിയ അടുപ്പമൊന്നും കാണിക്കാന്‍ നിക്കണ്ട....... ഒരുപാട് ആത്മാര്‍ഥത കാണിക്കുന്നവന് അവസാനം " പണി " കിട്ടിയ ചരിത്രമേ ഉള്ളു........ അത് മറക്കണ്ട.......
അവന്‍ : നോക്കു പ്രിയേ......  ഞാന്‍ എത്ര മാത്രം സന്തോഷത്തോടെയാണ് നിന്നെ ഈ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ ഓടി വന്നത് . എന്നിട്ട നിനക്ക് നല്ലതൊന്നും ചോദിക്കാനില്ലേ?
അവള്‍ :  ഒരു കാര്യം കൂടി ........
അവന്‍ : ചോദിച്ചോളൂ..........
അവള്‍ : ഓഫീസില്‍ എത്ര പെണ്ണുങ്ങള്‍ ഉണ്ട് ???????????????


Thursday, December 23, 2010

"ഞാനും ഒരു നായരാണ് സാറേ................"

                                                       പ്രവാസ ജീവിതത്തിന്റെ ആദ്യ നാളുകള്‍ . വന്നിറങ്ങിയപ്പോള്‍ തന്നെ വെറുപ്പിക്കല്‍ കമ്പനി എന്ന് പറയുന്ന കൂട്ടരുടെ വാക്കുകള്‍ കേട്ട്  " ഈശ്വരാ...... പെട്ട് പോയല്ലോ" എന്നോര്‍ത്ത് പരിതപിച്ചു കഴിയുന്ന സമയം. രണ്ടും കല്‍പ്പിച്ചു വിമാനം പിടിക്കുമ്പോള്‍  ആകെയുണ്ടായിരുന്ന ഒരു പ്രതീക്ഷ 6 മാസം കഴിഞ്ഞു ശമ്പളം കൂട്ടിതരാം എന്നുള്ള  ഉറപ്പിന്റെ പിന്‍ബലം തന്നെയായിരുന്നു . വന്നു രണ്ടു വര്‍ഷമായിട്ടും 10 പൈസ incriment കിട്ടിയിട്ടില്ലാത്ത മാന്യ ദേഹങ്ങളെ കണ്ടതോടെ  അതും തീര്‍ന്നു . എന്തായാലും ഇനി രണ്ടു കൊല്ലം  ഇവിടെ കടിച്ചു തൂങ്ങി കിടക്കുക തന്നെ എന്ന് മനസ്സില്‍ ഉറപ്പിച്ചു ഒരു മാസം തള്ളി നീക്കി.
                                                         
                                                                         ഈശ്വരന്റെ കടാക്ഷം കൊണ്ട് റൂമില്‍ ഉണ്ടായിരുന്നവരെല്ലാം ഒരുമിച്ചു വന്നവരും 30 നു താഴെ പ്രായമുള്ളവരുമായിരുന്നത്‌ കൊണ്ട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും പ്രാരബ്ദങ്ങളും ഒന്നും ചര്‍ച്ച ചെയ്യാതെ അവിടെ കണ്ടതും ഇവിടെ കണ്ടതും ഒക്കെ പറഞ്ഞു ദിവസങ്ങള്‍ തള്ളി നീക്കുമ്പോഴാണ്  കഥാനായകന്റെ  വരവ് . കല്ലും കട്ടയും ചുമന്നു Over Time നില്‍ക്കാനുള്ള ത്രാണി ഇല്ലാത്തതു കൊണ്ട് മാത്രം നടുവൊടിഞ്ഞ നിലയില്‍ ബസില്‍  കയറുമ്പോള്‍ കമ്പനിയില്‍ നാട്ടുകാര്‍ക്ക് ഒരു ക്ഷാമവും ഇല്ലാതിരുന്ന രതീഷ്‌ ചെവിയില്‍ മന്ത്രിച്ചു "അളിയാ കുടുങ്ങി നാട്ടില്‍ നിന്ന്  ഒരാള്‍ കൂടി വരുന്നുണ്ട്  അച്ഛന് പരിചയമുള്ള ആളാണെന്നാണ് പറഞ്ഞത് " കൂടുതല്‍ സംസാരിക്കാനുള്ള ഊര്‍ജം ഇല്ലാതിരുന്നത് കൊണ്ട്  ഞാന്‍ ഒന്ന് പുഞ്ചിരിച്ചതെ  ഉള്ളു..

                                                 "ഇടിവെട്ട്ട്  ഏറ്റവനെ പാമ്പ് കടിച്ചു" റൂമില്‍ Campboss പുതിയ ബെഡ് ഉം തലയിണയും കൊണ്ട് വെച്ചിരിക്കുന്നു . എല്ലാവരും പതിവ് പോലെ പുകച്ചു കൊണ്ടിരിക്കുന്നതിനിടയില്‍  "എന്നാലും എത്ര വയസ്സുണ്ടാകും നിന്‍റെ അച്ഛന്റെ സുഹൃത്തിനു?" എന്ന ചോദ്യത്തിന്  "വയസ്സോന്നും അറിയില്ല തുളസിയെന്നാണ് പേര് " എന്നുള്ള രതീഷിന്റെ ഉത്തരം കേട്ടതും എനിക്ക് ചിരി പൊട്ടി  ചിരിയുടെ കാരണം തിരക്കിയ സ്കിന്നെര്‍ ഭായിയോട് ഞാന്‍ ആ sms കഥ പറഞ്ഞു

                                  കവലയിലെ പെട്ടിക്കടയില്‍ വന്നു ഒരു അപരിചിതന്‍ കടക്കാരനോട് : "ചേട്ടാ തുളസിയുണ്ടോ? "
                                  കടക്കാരന്‍: കിണറു കുഴിക്കുന്ന തുളസിയാണോ മണല് വാരുന്ന തുളസിയാണോ  അതോ റബ്ബര്‍ വെട്ടുന്നവനാണോ?
                                   ഇവിടെ ഒരുപാട് തുളസിമാര്‍ ഉണ്ടെടോ അതിലേതാ?
                                   അപരിചിതന്‍: അതൊന്നുമല്ല ചേട്ടാ വായിലിടുന്ന തുളസി
                                   കടക്കാരന്‍: അയ്യോ അവന്‍  ആ പണിയൊക്കെ നിര്‍ത്തി  ഇപ്പൊ             ഗള്‍ഫിലാ!!!!!!!!!!!!!!!!  
(ക്ലൈമാക്സ്‌  ഞാന്‍ ഒന്ന് തിരുത്തിയതാ sms ഇങ്ങനെയല്ലായിരുന്നു)

ഇത് കേട്ടതും എല്ലാവരും ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി.... നമ്മള്‍ ഇതുവരെ കാണാത്ത ഒരാളെ പറ്റി ആയതു   കൊണ്ട് കുറ്റബോധം ഒന്നും തോന്നിയില്ല
                                എന്തായാലും അദേഹത്തെ  ഞങ്ങള്‍ ഒരു കാരണവരെപ്പോലെ വരവേറ്റു . ആദ്യത്തെ ദിവസം കുടുംബ വിശേഷവും ചരിത്രങ്ങളും ബോംബെ കഥകളും  ഒക്കെ വിളമ്പിയപ്പോള്‍ അത്രമാത്രം ചരിത്രവും  ഭൂമിശാസ്ത്രവും ഒന്നും അറിയാത്ത ഞങ്ങള്‍ വായും പൊളിച്ചിരുന്നു . വന്ന അന്ന് തന്നെ പക്വതയും പാകതയും ഉള്ള ഒരാളാണെന്ന് തെളിയിച്ചതിന്റെ ആത്മ സംതൃപ്തിയില്‍ അദ്ദേഹം ഉറങ്ങാന്‍ കിടന്നതും രതീഷ്‌ മുറിയില്‍ നിന്നും ചാടിയിറങ്ങി  ഒരു സിഗരെടിനു തീ കൊടുത്തിട്ട് പറഞ്ഞു " പണിയായളിയാ വലിക്കാന്‍ പോലും പറ്റില്ല "ആത്മ സുഹൃത്തിന്റെ  നൊമ്പരം മനസ്സിലാക്കിയ രാഗേഷ് പറഞ്ഞു " ഇയ്യ്‌ വെഷമിക്കണ്ട campboss നോട്‌ പറഞ്ഞു ആളെ ഞാന്‍ റൂം മാറ്റാം"
                                         
                              അടുത്ത ദിവസം രാവിലെ 4 മണിക്ക് മുറിയില്‍ വല്ലാത്ത തട്ടും മുട്ടും കേട്ട് ഞാന്‍ ഉണര്‍ന്നപ്പോള്‍ തുളസിയണ്ണന്‍ അതാ കുളി കഴിഞ്ഞു ഇറങ്ങി വരുന്നു . തുറിച്ചു നോക്കിയ എന്നോട്  പറഞ്ഞു " നാട്ടില്‍ രാവിലെ 4 മണിക്ക് എഴുന്നേറ്റു അതൊരു ശീലമായി"  ഈശ്വരാ തുലഞ്ഞു രാത്രി 10 മണിക്ക് പണി കഴിഞ്ഞു വരുമ്പോള്‍ 12 മണിക്ക് ഉറങ്ങാന്‍ കിടന്നാലും 6 മനിവരെയെങ്കിലും ഉറങ്ങാമല്ലോ എന്നതാണ് ഒരു ആശ്വാസം  . വെളിച്ചം കണ്ടാല്‍ പിന്നെ ഉറങ്ങാന്‍ പറ്റാത്തത് കൊണ്ട് ഞാന്‍ അണ്ണന്റെ ഭാവി പരിപാടികള്‍ നോക്കിയിരുന്നു  6 .00 മണിക്കാണ് ആദ്യത്തെ ബസ്‌ അതുവരെ എങ്ങനെ സമയം കളയും എന്ന് കാണണമല്ലോ......... കട്ടിലിന്റെ ഒന്നാം നിലയില്‍ പിടിച്ചു കയറി ചമ്രം പടിഞ്ഞിരുന്നു കണ്ഠം നെറ്റി എന്നിവിടങ്ങളില്‍ഭസ്മം  പൂശി കണ്ണടച്ച് പ്രാര്‍ഥിക്കുന്ന അണ്ണനെ കണ്ടപ്പോള്‍ ഉറക്കം നഷ്ടപ്പെട്ട ദേഷ്യം ആവിയായിപ്പോയി. "അണ്ണന്‍ ഈ റൂമിന്റെ ഐശ്വര്യം" തന്നെ.
(പിന്നീടാണ് ഞാന്‍ അറിഞ്ഞത്‌ അണ്ണന്റെ വീട്ടില്‍ വെച്ചാരാധന ഉണ്ട് ചാത്തനെയോ മറ്റോ ആണ് ആരാധിക്കുന്നതെന്ന കാര്യം )

                                                                                              ഇനിയെന്താവും അടുത്ത നീക്കം എന്ന് നോക്കി കിടക്കവേ അതാ പെട്ടി തുറന്നു കണ്ണാടിയെടുക്കുന്നു അതിനു ശേഷം ഒരു ചീപ്പെടുത്ത് തല ചീകാന്‍ തുടങ്ങി . അത് കണ്ടു കിടന്നു ഞാന്‍ ഒന്ന് മയങ്ങിപ്പോയി . കുറച്ചു കഴിഞ്ഞു എഴുന്നേറ്റപ്പോള്‍ അതാ അണ്ണന്‍ non stop തല ചീകലില്‍ തന്നെ  വിശ്വാസം വരാതെ ഞാന്‍ കുറച്ചു നേരം കൂടി അത് നോക്കി കിടന്നു . 10 മിനുട്ടോളം കഴിഞ്ഞപ്പോഴാണ് അത് newton ന്റെ ചലന നിയമം പോലെയാണെന്ന് മനസ്സിലായത് .
" state of uniform motion of a body remains continues unless it compelled by an external force acting on it "
19 ഉം കഴിഞ്ഞു 20 -)o മിനുടിലേക്ക് കടന്നപ്പോള്‍ ഞാന്‍ ഇടപെട്ടു . "അണ്ണാ നമ്മുടെ കമ്പനിയില്‍ പെണ്ണുങ്ങള്‍ ഒന്നും   ഇല്ല ഈ പൊരി വെയിലത്ത്‌ ഷവല്‍ കൊണ്ട് മണ്ണ് കൊരിയിടുന്നവന് വേണ്ട സൗന്ദര്യം ഇപ്പോള്‍ തന്നെ ഉണ്ട്  ഇനി ഓവര്‍ ആക്കണ്ട " എന്ന് പറഞ്ഞു തീരുന്നതിനു മുന്‍പേ വന്നു മറുപടി "അതല്ലെടാ കുട്ടാ ചത്ത്‌ കിടന്നാലും ചമഞ്ഞു കിടക്കണം എന്നാണ് "ഇത്രയും പറഞ്ഞു കൊണ്ട് ഒരു ട്യൂബ് കയ്യിലെടുത്തു. ഈശ്വരാ....... ഫെയര്‍ & ലവ്ളി!!!!!!!!!! മുഖത്തെ ഓരോ സൂക്ഷ്മ സുഷിരങ്ങളും ആ ക്രീം അബ്സോര്‍ബ് ചെയ്യുന്നത് വരെ ഈ ക്രിയ തുടര്‍ന്നു. അത് കഴിഞ്ഞു കയ്യില്‍ നിവിയയും കാലില്‍ വാസെളിനും ഒക്കെ പുരട്ടിക്കഴിഞ്ഞപ്പോള്‍ സമയം 5 .30 .

                             അപ്പോഴേക്കും അജിയണ്ണന്‍ എഴുന്നേറ്റു കുളിയും പല്ലുതേപ്പും കഴിഞ്ഞു വന്നിരുന്നു . റൂമിലെ ബാക്കിയുള്ള 6 പ്രജകള്‍ക്കും അതിരാവിലെ മെസ്സില്‍ പോയി ഭക്ഷണം എടുത്തു കൊണ്ട് വരുന്നത് അജിയണ്ണന്‍ ആണ് . എല്ലാവരും എഴുന്നേല്‍ക്കാന്‍ ലേറ്റ് ആകുന്നത് കൊണ്ട് അജിയണ്ണന്‍ സ്വയം ഏറ്റെടുത്തതാണ് ഈ പണി .  ചമ്രം പടിഞ്ഞിരിക്കുന്ന തുളസി അണ്ണനെയും കൂട്ട് വിളിച്ചു . "ഒന്ന് വെയിറ്റ് ചെയ്യ് ഞാന്‍ ഈ സാധനങ്ങളൊക്കെ പെട്ടിയിലെടുത്തു  വെച്ചിട്ട്ട് വരാം "  അടുത്ത ദിവസം മുതല്‍ രണ്ടു പേരും കൂടിയായി ഫുഡ്‌ എടുപ്പ് . കൂടുതല്‍ എന്ത് പറയാനിരിക്കുന്നു അതുവരെ ഒരു മുടക്കവുമില്ലാതെ ഫുഡ്‌ എടുത്തിരുന്ന അജിയണ്ണന്‍ ആ പണി   നിറുത്തി . എന്തായാലും എനിക്ക് ഫുഡ്‌ എടുക്കാന്‍ പോകണം ആ കൂട്ടത്തില്‍ നിങ്ങളുടെയും ഞാന്‍ എടുത്തോളാം എന്ന് പറഞ്ഞ അജിയണ്ണന്‍ പിന്മാറിയപ്പോള്‍ തന്നെ എന്‍റെ നിന്‍റെ എന്നുള്ള വേര്‍തിരിവ് ഇല്ലാതിരുന്ന സമൂഹത്തില്‍ സ്വാര്‍ത്ഥതയുടെ ആദ്യത്തെ കല്ലു പാകിയ തുളസി അണ്ണന്‍ ഉള്ളില്‍ ചിരിച്ചിട്ടുണ്ടാകണം .

                                    പിന്നെയുണ്ടായത് ദുരന്തങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു . പെട്ടെന്നൊരു ദിവസം രതീഷിന്റെ വീട്ടില്‍ നിന്നൊരു കാള്‍ " വെള്ളമടിച്ചു കൂത്താടി നടക്കാന്‍ ആണോടാ നിന്നെ ഗള്‍ഫിലേക്ക് വിട്ടത്".പിന്നീട അറിഞ്ഞു  എന്നും വയ്കീട്ടു  വെള്ളമടിച്ചു വരുന്ന തുളസി അണ്ണന് വെള്ളിയാഴ്ച മാത്രം വെള്ളമടിക്കുന്ന പിള്ളേര്‍ ചീത്തയായിപ്പോയാലോ എന്നുള്ള ഉത്കണ്ട കൊണ്ട് വിളിച്ചു പറഞ്ഞതാണെന്ന് . എന്തിനു കൂടുതല്‍ പറയുന്നു  അവസാനം തുളസിയണ്ണന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരും ഓടിയൊളിക്കുന്ന അവസ്ഥയായി. അങ്ങനെയിരിക്കെയാണ്  കമ്പനിയില്‍ ഇന്ക്രിമെന്റ് ടൈം ആയത് . മാനം മുട്ടെ പ്രതീക്ഷയുമായി എല്ലാവരും ജനുവരിയിലെ ശമ്പളത്തിന് വേണ്ടി കാത്തിരുന്നു. ഏറ്റവും കൂടുതല്‍ ഇന്ക്രിമെന്റ് കിട്ടിയവരും 10 പൈസ പോലും കൂട്ടി കിട്ടാത്തവരുമായിരുന്നു ഫെബ്രുവരിയിലെ താരങ്ങള്‍

                              ഒന്നും കിട്ടിയില്ലല്ലോ എന്നോര്‍ത്ത് വിഷമിച് ഇരുന്നവരുടെ കൂട്ടത്തില്‍ തുളസിയണ്ണന്‍ വേറിട്ട ശബ്ദമായി . തുളസി അണ്ണന്റെ  വാദം ന്യായമായിരുന്നു . "മീശ മുളയ്ക്കാത്ത പൊടി പിള്ളേര്‍ക്ക് വരെ ഇന്ക്രിമെന്റ് ! എന്‍റെ പ്രായമെങ്കിലും അവര്‍ക്ക് കണക്കില്‍ എടുക്കാമായിരുന്നു". അന്ന് വ്യ്കിട്ട്ട് കുപ്പി വാങ്ങാന്‍ പോകുന്ന വഴിക്ക് കൂടെക്കിട്ടിയ ഒരു സുഹൃത്തിനോട് അങ്ങോട്ട്ട് ഇടിച്ചു കയറി അണ്ണന്‍ പരിഭവം പറഞ്ഞു.  കമ്പനിയില്‍  രണ്ടു വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള ആ മലയാളി അണ്ണനെ സമാധാനിപ്പിച്ചു കൊണ്ട്പറഞ്ഞു
  " അണ്ണാ അണ്ണന്‍ നായരല്ലേ ? ഞാനും നായരാ.... നമ്മുടെ ഇന്ക്രിമെന്റ് തീരുമാനിക്കുന്ന സൈറ്റ് ഇന്‍ ചാര്‍ജും  നായരാണ് . അണ്ണന്‍ നായരാണ് എന്നരിയാത്തത് കൊണ്ടായിരിക്കും ഇങ്ങനെ സംഭവിച്ചത് " ഇത്രയും പറഞ്ഞതിന് ശേഷം കൂടുതല്‍ ഇന്ക്രിമെന്റ് കിട്ടിയവരുടെ പേര് വിവരങ്ങള്‍ നിരത്തി . അപ്പോഴാണ്‌ അണ്ണന്‍ ആ കാര്യം ശ്രദ്ധിച്ചത് എല്ലാവര്ക്കും ഉണ്ട് ഒരു വാല്‍ ;അതിനു പിള്ള ,കുറുപ്പ് , നായര്‍  എന്നൊക്കെയുള്ള വ്യത്യാസമേ ഉള്ളു .അണ്ണന്റെ സ്വഭാവം പറഞ്ഞു കേട്ടിട്ടുള്ളതിനാല്‍ ഒരു ഉപദേശവും കൊടുക്കാന്‍ മറന്നില്ല " ഞാന്‍ പറഞ്ഞിട്ടാണെന്ന് സാറിനോട് പറയരുതെട്ടോ  ഈ കാര്യം മറ്റുള്ളവര്‍ അറിയുന്നത് സാറിനു ഭയങ്കര കുറച്ചിലാണ്  അണ്ണന്‍ ഒന്നുമറിയാത്ത മട്ടില്‍ ഒരു നായരാണ് എന്നുള്ള കാര്യം എങ്ങനെയെങ്കിലും സാറിനെ അറിയിച്ചാല്‍ മതി "

                      "എന്താ അനിയാ ഇങ്ങനെ? ഞാന്‍ അങ്ങനെ പറയുമോ? ഒന്നുമില്ലെങ്കിലും നമ്മളൊക്കെ തരവാടികളല്ലേ?" എന്നിട്ട പണ്ട് രാജാവിന്റെ കയ്യില്‍ നിന്ന് പട്ടും വളയും സ്ഥാനപ്പേരും ഒക്കെ കിട്ടിയ കഥകള്‍ ഗമണ്ടന്‍ സ്റ്റൈലില്‍ വെച്ച് കാച്ചി. എത്ര ടേക്ക് എടുത്താലും
ok ആകാത്ത സീന്‍ പോലെ ഒരുപാട് നേരത്തെ പരിശ്രമത്തിനു ശേഷം നാളെ സാറിനോട് പറയേണ്ട ഡയലോഗ് മനസ്സിലുറപ്പിച് അണ്ണന്‍ ഉറക്കം പിടിച്ചു  (അതിരാവിലെ കണ്ണാടിയില്‍ നോക്കി അരമണിക്കൂര്‍ trial  ഉണ്ടായിരുന്നു എന്ന് സഹമുറിയന്റെ കമന്റ്‌ )  

                           സൈറ്റില്‍ പണിക്കിറങ്ങിയ അണ്ണന്‍ നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെ സാര്‍ ഫ്രീയാകുന്ന സമയവും നോക്കി നടന്നു.  ആളില്ലാത്ത ഒരു അവസരം നോക്കി പറയാമെന്നു വെച്ച അണ്ണന് അങ്ങനെയൊരു അവസരം ഉച്ച വരെ കിട്ടിയില്ല . അവസാനം ഉച്ചയ്ക്ക് കഴിച്ച ഒരു കവര്‍ ചോറില്‍ നിന്നും പരമാവധി ഊര്‍ജം സംഭരിച്ച അണ്ണന്‍ സൈറ്റ് ഇന്‍ ചാര്‍ജിനെ തടഞ്ഞു നിര്‍ത്തി തന്റെ പരിഭവം പറഞ്ഞു തുടങ്ങിയതും മുഖത്തടിച്ച പോലെ സാറിന്റെ മറുപടി  "നന്നായി ജോലി ചെയ്യുന്നവര്‍ക്കെല്ലാം ശമ്പളം കൂട്ടിയിട്ടുണ്ട് " ഇത് കേട്ടതോടെ നമ്മുടെ കഥാനായകന്‍ വജ്രായുധം പുറത്തെടുക്കാന്‍ തീരുമാനിച്ചു . പരമാവധി ഭവ്യതയോടെ താണു കേണു നിന്ന് അണ്ണന്‍ ആ വാക്കുകള്‍ പറഞ്ഞൊപ്പിച്ചു
               "ഞാനും ഒരു നായരാണ് സാറേ................"
പറഞ്ഞു തീരേണ്ട താമസം പ്ഫാ.............  എന്നുള്ള ഒരു ആട്ടു കേട്ടുഎന്തോ പൊട്ടിത്തെറിച്ചതാണ്   എന്നുള്ള ധാരണയില്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയവര്‍ കണ്ടത് മിസൈല്‍ കണക്കെ പായുന്ന തുളസി അണ്ണനെയാണ്‌              

Wednesday, December 22, 2010

"കാലം മാറുന്നു ഒപ്പം കോലവും എല്ലാം നല്ലതിനായിരിക്കും.........."

പണ്ടൊക്കെ ഡിസംബര്‍ പകുതി ആകുംപോലെക്കും കൂണ് പോലെ മുളച്ചിരുന്ന ആശംസ കാര്‍ഡ്‌ വില്പനശാലകള്‍ ഇപ്പോള്‍ archies  പോലുള്ള ഗിഫ്റ്റ് ഗാലറി യിലേക്ക് മാത്രമായി ഒതുങ്ങിയിരിക്കുന്നു..... ഒരു പുതുവത്സര ആശംസ കാര്‍ഡ്‌ വാങ്ങാന്‍ കഴിഞ്ഞ ദിവസം കിലോമീറെരുകളോളം അലഞ്ഞു... മുന്പ് വില്പനയുണ്ടായിരുന്ന പലയിടങ്ങളിലും ചോദിച്ചപ്പോള്‍ കേള്‍ക്കാനായത്
" 10 പൈസ മുടക്കില്ലാതെ sms  അയക്കാന്‍ സൌകര്യമുള്ളപ്പോള്‍ എന്തിനാ മോനെ  ഈ കിടാങ്ങളൊക്കെ കാശ് കൊടുത്ത് കാര്‍ഡ്‌ വാങ്ങുന്നത് ",
 "   കാര്‍ഡ്‌ വാങ്ങി അയച്ചാലും കിട്ടുമെന്ന്  ഒരു ഉറപ്പുമില്ലല്ലോ  sms ഉം മെയില്‍ ഉം ഒക്കെ ആകുമ്പോള്‍ ഈ കുഴപ്പം ഒന്നും ഇല്ലല്ലോ....." 
"ആരാ ഇപ്പോള്‍ അഡ്രസ്‌ ഒക്കെ വാങ്ങി സൂക്ഷിക്കുന്നത്  ഒരു ഫോണ്‍ നമ്പര്‍ കിട്ടിയാല്‍ മതിയല്ലോ അത്യാവശ്യം ഒരാളുമായുള്ള ബന്ധം കാത്തു സൂക്ഷിക്കാന്‍."
" കാര്‍ഡ്‌ ആണെങ്കില്‍ അയച്ചു 4 ദിവസം കാത്തിരിക്കണം ആ പ്രശ്നം വല്ലതുമുണ്ടോ ഹാപ്പി ക്രിസ്മസ്  എന്നാ ഒരു ചെറിയ sms വിടുമ്പോള്‍ "
 അലഞ്ഞു തിരിഞ്ഞു അവസാനം ചെന്ന് എത്തിപ്പെട്ടത് ഒരു പ്രകൃതി സ്നേഹിയുടെ മുന്‍പില്‍ എന്‍റെ വേഷ ഭൂഷ ആദികള്‍ ഒക്കെ കണ്ടു അത്യാവശ്യം വിദ്യാഭ്യാസം ഉള്ളവനാണെന്ന് തെറ്റിദ്ധരിച്ചു അദ്ദേഹം മനസ്സ് തുറന്നു .........
" എന്തായാലും കാര്‍ഡിന്റെ ഉത്പാദനം കുറഞ്ഞത് നന്നായി മോനെ.....  കുറച്ചു മരങ്ങളെങ്കിലും രക്ഷപെടുമല്ലോ........... മുന്‍പുള്ള സീസണുകളില്‍ ഒക്കെ പുതുവത്സരം കഴിഞ്ഞാല്‍ ആ കാര്‍ഡ്‌ എല്ലാം വേസ്റ്റ് ആയിപ്പോകുകയാണ് പതിവ് . തുടര്‍ച്ചയായി  നഷ്ടം സംഭവിക്കാന്‍ തുടങ്ങിയതോടെയാണ് പലരും ഈ കച്ചവടം നിര്‍ത്തിയത് " സംസാരം കാട് കയറിയപ്പോള്‍ ഞാന്‍ പതിയെ വലിഞ്ഞു..

കഴിഞ്ഞ ദിവസം MG റോഡിലൂടെ നടന്നപ്പോള്‍ ഒരു കാര്യം കൂടി എന്‍റെ ശ്രദ്ധയില്‍പ്പെട്ടു കടലാസ് നക്ഷത്രങ്ങളും ഇപ്പോള്‍ L E D നക്ഷത്രങ്ങള്‍ക്ക് വഴിമാറിയിരിക്കുന്നു.......... പണ്ട് കരോളിനു പോകുമ്പോള്‍ നക്ഷത്രതിനുള്ളില്‍ പാട്ട വിലക്ക് കത്തിച്ചു വെച്ചതൊക്കെ ഇപ്പോള്‍ ഓര്‍മയായിരിക്കുന്നു.
             "കാലം മാറുന്നു ഒപ്പം കോലവും എല്ലാം നല്ലതിനായിരിക്കും.........."