Friday, February 3, 2012

ആ സ്വപ്നം പൂവണിയുന്നു




ജനലക്ഷങ്ങളുടെ ദുരിതത്തിന് ഇനി അറുതി. ദശാബ്ദങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം കിലോമീറ്ററുകള്‍ നീണ്ട ഗതാഗത കുരുക്കിന്  ശാപമോക്ഷം ഏകിക്കൊണ്ട്  ഇടപ്പള്ളി മേല്‍പ്പാലം ഇന്ന് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നു . 1995 ല്‍ ഭരണാനുമതി ലഭിച്ച മേല്‍പ്പാലത്തിന്റെ നിര്‍മാണം സാങ്കേതികമായ കാരണങ്ങളാല്‍ പലപ്പോഴായി നിലച്ചു പോകുകയായിരുന്നു .രണ്ടാഴ്ച മുന്പ് ഒരു രാത്രിയില്‍ റെയിവേ ഗേറ്റില്‍ കുടുങ്ങിയ ആംബുലന്‍സില്‍ നിന്നും ഉയര്‍ന്ന ഒംമയുടെ ദീനരോദനം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു. ആ അമ്മയുടെ മകനോ , ഭര്‍ത്താവോ, ആരോ ഒരാള്‍ ആ വാഹനത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ ബോധമറ്റു കിടക്കുന്നുണ്ടായിരുന്നു. 20 മിനിട്ട് കഴിഞ്ഞു ഗേറ്റ്‌ തുറന്നപ്പോള്‍ നിലവിളി ശബ്ദത്തോടെ പാഞ്ഞു പോയ ആ വാഹനം ഗേറ്റിനു അപ്പുറത്തെ നീണ്ട ഗതാഗത കുരുക്കും പിന്നിട്ട ആ ജീവന്‍ രക്ഷിച്ചിട്ടുണ്ടാകും എന്ന് എന്ന് കരുതി സമാധാനിക്കാം. എന്നെപ്പോലുള്ള യാത്രക്കാര്‍ക്ക് നിസ്സഹായനായി മാത്രം നോക്കി നില്‍ക്കാന്‍ മാത്ര സാധിക്കുന്ന അവസ്ഥ. 
                               ഇതുപോലുള്ള എത്ര അമ്മമാരുടെ കണ്ണീരിന്‍റെ , ശാപവാക്കുകളുടെ  പരിണിത ഫലമായിരിക്കാം ജനലക്ഷങ്ങളുടെ സ്വപ്ന സാക്ഷാത്കാരം എന്ന പേരില്‍ നാം കൊണ്ടാടുന്നത് . 

മേല്‍പ്പാലം സഫലമാകുംപോള്‍ നഷ്ടമാകുന്നത് തദ്ദേശ വാസികളുടെ ഗൃഹാതുരത കൂടിയാണ് എന്ന കാര്യം മറന്നു കൂടാ.ആദ്യമായി വാഹനമോടിച്ച് ഇടപ്പള്ളി ഗേറ്റിനു മുന്‍പിലെ വാഹന പെരുമഴയ്ക്ക് മുന്‍പില്‍ പകച്ചു നിന്ന ഒരുപാട് പേരുടെ ഓര്‍മ്മകള്‍. ആ ചക്രവ്യുഹത്തില്‍ നിന്ന് ആദ്യമായി രക്ഷപ്പെട്ടു മറുകരയില്‍ എതിയപ്പോഴുണ്ടായ ദീര്‍ഘനിശ്വാസം . ഗേറ്റ് തുറന്നാല്‍ ആദ്യം ഇടപ്പള്ളി  കവലയില്‍ ചെന്നെതാനുള്ള നിശബ്ദമായ മത്സരങ്ങള്‍ . എല്ലാത്തിനും ഇനി വിട!!!!

ഏറ്റവും ഒടുവില്‍ പാലം നിര്‍മാണം ഇച്ച്ചാശക്തിയോടെ ഏറ്റെടുത് സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനിക്കും , കക്ഷി-രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിച്ച എല്ലാ നേതാക്കള്‍ക്കും , ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച എല്ലാ തൊഴിലാളികള്‍ക്കും എന്റെയും എന്റെ നാടിന്റെയും അഭിവാദ്യങ്ങള്‍ .