Sunday, August 28, 2011

മൃഗാധിപത്യം...........


   മനുഷ്യന്മാര്‍ക്ക് ഒന്നിനും രണ്ടിനും മറ്റെതിനും വരെ  മുട്ടിനു മുട്ടിനു സൗകര്യം ഏര്‍പ്പെടുത്താന്‍ വ്യഗ്രത കാണിക്കുന്ന വിവിധ  സര്‍ക്കാരുകള്‍  തങ്ങളെ അവഗണിക്കുകയാണെന്ന് ആരോപിച്ചു  "അഖില ഭാരത നായ്ക്കൂട്ടത്തിന്റെ "  നേതൃത്വത്തില്‍   രാജ്യ  വ്യാപകമായി  നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൊച്ചി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപമായി. കൊച്ചി നഗരത്തില്‍  പൊതു ടോയിലെറ്റ് കുറവാണെന്ന് ആരോപിച്ചു നഗര സഭയ്ക്ക് നേരെ വാളോങ്ങിയ  സാമൂഹിക പ്രവര്‍ത്തകരും മാധ്യമങ്ങളും എന്ത് കൊണ്ടാണ് തങ്ങളെ അവഗണിക്കുന്നത് എന്ന്  വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  "പാണ്ടിക്കുടി ജാക്കി "യുടെ നേതൃത്വത്തില്‍  ഉള്ള  മൌന ജാഥ  സെപ്ടംപര്‍  മാസം ഒന്നാം തീയതി നടക്കും. മറൈന്‍ ഡ്രൈവില്‍ നട്ട് പിടിപ്പിച്ചിരിക്കുന്ന മരങ്ങള്‍ക്ക് പോലും മനുഷ്യന്മാരുടെ സ്വാര്തതയ്ക്ക്  വിധേയമായി തറ കെട്ടി അവര്‍ക്ക് മാത്രം കയറി ഇരിക്കാനും കിടക്കാനും പാകത്തില്‍ പരിപാലിക്കുന്നതിന് എതിരെ വായ മൂടി കെട്ടി പ്രകടനം നടത്താനും എന്നിട്ടും അധികൃതരുടെ കണ്ണ് തുറന്നില്ലെങ്കില്‍ ശബ്ദ മയമായ പ്രകടനങ്ങളിലേക്ക് നീങ്ങാനും ആണ് തീരുമാനം.

               മറൈന്‍ ഡ്രൈവ് , രാജേന്ദ്ര മൈതാനി , ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ട് , എന്നീ പൊതു സ്ഥലങ്ങളില്‍  നായകള്‍ക്കും പ്രവേശനം അനുവദിക്കുക ,  
               "മരം ഒരു വരം " എന്ന പേരില്‍ വനം വകുപ്പ് പാതയോരങ്ങളില്‍ നട്ട് പിടിപ്പിക്കുന്ന മരങ്ങള്‍ക്ക് ഇരുമ്പു ചട്ടക്കൂട് പിടിപ്പിക്കുന്ന പരിപാടി നിര്‍ത്തലാക്കുക
                നായ്ക്കള്‍ക്ക് മണ്ണ് മാന്തി പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ തടസ്സമാകുന്ന രീതിയില്‍ തറയില്‍ ടൈല്‍ വിരിച്ചുള്ള നഗര സൌന്ദര്യവത്കരണം ഉപേക്ഷിക്കുക
               വനം വകുപ്പില്‍ നിന്നും നായ്ക്കളുടെ ക്ഷേമത്തിന് വേണ്ടി അനുവദിക്കുന്ന പണം തുറസ്സായ സ്ഥലങ്ങളില്‍ മരങ്ങള്‍ നട്ട് പിടിപ്പിച്ചു ജൈവപരമായ ആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍                    ഉപകാരപ്പെടുത്തുക
               "പല്ലും നഖവും കൊഴിഞ്ഞ നായ്ക്കള്‍ക്ക് കുഴി മാന്താന്‍ സൌകര്യത്തിനായി ഷവല്‍ അനുവദിക്കുക"!!!!!
              എന്നീ ആവശ്യങ്ങള്‍ ആയിരിക്കും പ്രധാനമായും കൊച്ചിയിലെ "നായ്ക്കൂട്ടം" ഉന്നയിക്കുക എന്ന് മേഖലാ പ്രസിഡണ്ട്‌ "പുല്ലേപ്പടി ടിപ്പു" അറിയിച്ചു

No comments:

Post a Comment